ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ 21 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ചെറിയനാട് ചെറുവല്ലൂർ കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ്നെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്.
1999 ഓഗസ്റ്റ് 22-ന് കൊല്ലകടവ് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും കൈവിരലുകൾ കടിച്ചുമുറിക്കുകയും ചെയ്തുവെന്നതാണ് കേസ്. സംഭവത്തിൽ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് മൂന്ന് മാസം തടവുശിക്ഷ വിധിച്ചിരുന്നു.
ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും വെൺമണി സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുമായിരുന്നു അന്വേഷണം. മാസങ്ങളായുള്ള തിരച്ചിലിനൊടുവിൽ ചിറയിൻകീഴ് ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




