മക്ക:പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീതിയും വിമാനയാത്രക്കൂലിയിലുണ്ടായ വർധനവും ഹജ്ജ് തീർത്ഥാടകർക്ക് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതയാകുന്നു. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനെത്തുടർന്ന് ഓരോ തീർത്ഥാടകനും ഏകദേശം പതിനായിരം രൂപ അധികമായി നൽകേണ്ടി വരും. തുടക്കത്തിൽ വിമാനക്കമ്പനികൾ മുപ്പതിനായിരം രൂപയോളം അധികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് തുക നൂറ് ഡോളറായി (ഏകദേശം 10,000 രൂപ) നിശ്ചയിച്ചത്.
ഈ അധിക തുക മെയ് 15-നകം അടയ്ക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുള്ളത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഈ ബാധ്യത മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് തുക അടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കും. പണമടയ്ക്കാൻ വൈകിയെന്ന കാരണത്താൽ ആരുടെയും യാത്ര റദ്ദാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിമാന സർവീസുകളുടെ ചെലവ് വർധിപ്പിച്ചതാണ് തീർത്ഥാടകർക്ക് ഈ തിരിച്ചടിയുണ്ടാക്കിയത്.


