തൃശ്ശൂർ: അനധികൃതമായി മീൻപിടിത്തം നടത്തിയതിനെ തുടർന്ന് പിഴയും മീൻ ലേലവും വഴി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫിഷറീസ് വകുപ്പിന് 4.22 കോടി രൂപ ലഭിച്ചു. ഇതിൽ 3.55 കോടി രൂപ പിഴയിനത്തിലും 67.56 ലക്ഷം രൂപ മീൻ ലേലത്തിലൂടെയും ലഭിച്ചതാണ്.
കടൽ തീരമുള്ള സംസ്ഥാനത്തിലെ ഒൻപത് ജില്ലകളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തൃശ്ശൂരിൽ നിന്നാണ്. ഇവിടെ 89.65 ലക്ഷം രൂപ പിഴയിനത്തിലും 28.21 ലക്ഷം രൂപ മീൻ ലേലത്തിലൂടെയും ഉൾപ്പെടെ ആകെ 1.17 കോടി രൂപ ലഭിച്ചു. 1.04 കോടി രൂപയുമായി എറണാകുളം രണ്ടാം സ്ഥാനത്തും 70.89 ലക്ഷം രൂപയുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. നിയമലംഘന കേസുകളിൽ കോഴിക്കോട് ഒന്നാമതാണ്. ഇവിടെ 106 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 96 കേസുകളുമായി കണ്ണൂർ രണ്ടാമതും 82 കേസുകളുമായി ആലപ്പുഴ മൂന്നാമതുമാണ്. 80 കേസുകളോടെ തൃശ്ശൂർ നാലാം സ്ഥാനത്താണ്.
അതേസമയം, മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിലും തൃശ്ശൂർ മുന്നിലാണ്. ഇവിടെ 1260 പേരെയാണ് രക്ഷിച്ചത്. സംസ്ഥാനത്താകെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 5515 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അനധികൃത മീൻപിടിത്തം കണ്ടെത്തുമ്പോൾ ബന്ധപ്പെട്ട യാനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും, പിടിച്ചെടുത്ത മീനുകൾ ലേലം ചെയ്യുകയും ചെയ്യുന്നതാണ് വകുപ്പിന്റെ നടപടി.




