കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയാണ് അപേക്ഷ തള്ളിയത്.
അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജിയിൽ കോടതി നടപടികൾ തുടരുകയാണ്. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിച്ചതോടെയാണ് അപേക്ഷ തള്ളിയത്.
കഴിഞ്ഞ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി ശ്വേതാ മേനോൻ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടർന്ന് സംഘടനയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനായി ജനറൽ ബോഡി അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാൽ താൻ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നും ഇപ്പോഴും ‘അമ്മ’യുടെ പ്രസിഡന്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മേനോൻ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ കോടതിയെ സമീപിച്ചത്.
രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി ‘അമ്മ’യുടെ ബൈലോ പ്രകാരം സാധുവല്ലെന്നാണ് ശ്വേതയുടെ വാദം. ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നതിന് സംഘടനയുടെ ബൈലോയിൽ വ്യവസ്ഥയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിൽ തനിക്ക് പറയാനുള്ള കാര്യങ്ങളുണ്ടെന്നും അതിനാൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹസൻ അപേക്ഷ നൽകിയത്. എന്നാൽ അൻസിബ സംഘടനയിലെ അംഗമല്ലെന്നും വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായി മാത്രമാണ് അപേക്ഷ നൽകിയതെന്നും ശ്വേതാ മേനോന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
ഈ വാദം കോടതി അംഗീകരിച്ചതോടെയാണ് അൻസിബയുടെ കക്ഷിചേരൽ അപേക്ഷ തള്ളിയത്. ശ്വേതാ മേനോന്റെ പ്രധാന ഹർജിയിലെ കോടതി നടപടികൾ തുടരും.


