ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരും ചിത്രവും ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിനാണ് തട്ടിപ്പിലൂടെ 22,000 രൂപ നഷ്ടമായത്. വിജയ്‌യുടെ ചിത്രം ഉപയോഗിച്ച വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് കുടുംബത്തിന് ഹിന്ദിയിൽ സന്ദേശം ലഭിച്ചത്. പാവപ്പെട്ടവരെ സഹായിക്കുമെന്നും പണത്തിന് ആവശ്യമുണ്ടെങ്കിൽ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം.
വീട് നിർമിക്കുന്നതിനായി കുടുംബം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ ആദ്യം 6,000 രൂപ നൽകണമെന്നും തട്ടിപ്പുകാർ അറിയിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി കുടുംബം ആകെ 22,000 രൂപ അയച്ചു. പണം നൽകിയതിന് ശേഷവും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെയാണ് തട്ടിപ്പാണെന്ന് കുടുംബത്തിന് മനസിലായത്. തുടർന്ന് പ്രദീപ് കട്ടപ്പന പൊലീസിൽ പരാതി നൽകി.
ഭാര്യയും മകനും ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് സന്ദേശം ലഭിച്ചത്. പ്രദീപിന്റെ ഭാര്യയാണ് തട്ടിപ്പുകാരുമായി സംസാരിക്കുകയും പണം അയയ്ക്കുകയും ചെയ്തത്. പണം നഷ്ടപ്പെട്ട ശേഷമാണ് പ്രദീപ് വിവരം അറിയുന്നത്.
തട്ടിപ്പിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ഇരകളായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിവരം. ഓൺലൈനായി ലഭിക്കുന്ന ഇത്തരം സഹായ വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പണം അയയ്ക്കുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.



