പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ പിടിയിൽ. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് കരയിൽ പീടികയിൽ വീട്ടിൽ തോമസ് മാത്യുവിന്റെ മകൻ സ്റ്റാൻലി തോമസ് മാത്യു (38) ആണ് അറസ്റ്റിലായത്. ‘കൊറിയർ സ്റ്റാൻലി’ എന്നറിയപ്പെടുന്ന ഇയാളിൽ നിന്ന് 0.665 ഗ്രാം എംഡിഎംഎ പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എസ്.എസ്. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ എൻ., നിതിൻ ശ്രീകുമാർ, കൃഷ്ണകുമാർ എം.എസ്., സോജൻ എച്ച്., വിഷ്ണു വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മേഖലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സ്റ്റാൻലിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.













