Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള ഇല്ല, ഇനി കേരളം; ചരിത്രപരമായ പേരുമാറ്റം പാസായി, ഇനിയെന്ത്? സർട്ടിഫിക്കറ്റുകൾ മാറുമോ? ലോ​ഗോയും സീലും ലെറ്റർപാഡുമെല്ലാം മാറ്റണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നി ‘കേരള’ എന്നില്ല, നമ്മുടെ സംസ്ഥാനം ഔദ്യോഗികമായി ‘കേരളം’ എന്ന് മാത്രം അറിയപ്പെടും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ചരിത്രപരമായ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ യാതൊരു ചർച്ചയുമില്ലാതെ ശബ്ദവോട്ടോടെയാണ് ബിൽ സഭ പാസാക്കിയത്. ഡൽഹി പൊലീസിന്റെ പ്രതിഷേധക്കാർക്കെതിരായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് ബിൽ പരിഗണനയ്‌ക്കെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടത്. സഭയിൽ കടുത്ത ബഹളം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് സംസാരിക്കാൻ അവസരം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിൽ ഇന്നു ചർച്ചയ്‌ക്കെടുക്കരുതെന്ന് യുഡിഎഫ് എംപിമാർ അപേക്ഷിച്ചിരുന്നെങ്കിലും ബിൽ പാസാക്കുകയായിരുന്നു. ലോക്സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്കായി അയക്കും.

‘കേരള (Kerala)’ എന്ന പേര് ഇനി ലോകത്തിന് മുന്നിലും ഔദ്യോഗിക രേഖകളിലും ‘കേരളം (Keralam)’ എന്ന് തന്നെ തിരുത്തിയെഴുതപ്പെടാൻ പോകുമ്പോൾ പൊതുജനങ്ങൾക്ക് സംശയങ്ങൾ നിരവധിയാണ്. ഭരണഘടനാപരമായും സാങ്കേതികപരമായും എന്തൊക്കെ മാറ്റങ്ങളാണ് ഇനി വരാൻ പോകുന്നത്? ഒരു കാര്യം ഉറപ്പാണ്, ഒറ്റക്ഷരം കൂട്ടിച്ചേർക്കുന്നത് വഴി വലിയൊരു ചരിത്രപരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ബില്ലിന് പിന്നിലെ വഴിത്തിരിവുകൾ

‘ദി കേരള ആൾട്ടറേഷൻ ഓഫ് നെയിം ബിൽ, 2026’ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പാസാക്കിയതോടെ വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ 1956 നവംബർ 1-ന് നമ്മുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടെങ്കിലും, ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഇംഗ്ലീഷിൽ ഇത് ‘Kerala’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

2024 ജൂൺ 24-നാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് പരിഗണിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ കരടുരേഖ നിയമകാര്യ വകുപ്പിനും നിയമനിർമ്മാണ വകുപ്പിനും നിയമ-നീതി മന്ത്രാലയത്തിനും കൈമാറുകയും ചെയ്തു. ഈ വകുപ്പുകൾ നിർദ്ദേശത്തോട് യോജിപ്പ് അറിയിച്ചതിനെ തുടർന്നാണ് കേന്ദ്ര മന്ത്രിസഭ ബില്ലിന് അന്തിമ അംഗീകാരം നൽകിയത്.

ഇനിയുള്ള പാർലമെന്ററി നടപടിക്രമങ്ങൾ

ഭരണഘടനയുടെ ആർട്ടിക്കിൾ 3 അനുസരിച്ചാണ് ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമായിരിക്കുന്നത്.

രാജ്യസഭയുടെ അംഗീകാരം: ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചാൽ പരമാവധി 14 ദിവസത്തിനുള്ളിൽ രാജ്യസഭയിലും ബില്ല് അവതരിപ്പിക്കണമെന്നാണ് ചട്ടം. അടുത്ത ഘട്ടമായി രാജ്യസഭയിലും ബില്ല് അവതരിപ്പിച്ച് പാസാക്കും.

കേവല ഭൂരിപക്ഷം: ഇത്തരം പേര് മാറ്റൽ ബില്ലുകൾ പാസാക്കാൻ പ്രത്യേക ഭൂരിപക്ഷത്തിന്റെ ആവശ്യമില്ല. ഇരുസഭകളിലും ഹാജരുള്ള അംഗങ്ങളുടെ കേവല ഭൂരിപക്ഷം (Simple Majority) മാത്രം മതിയാകും.

രാഷ്ട്രപതിയുടെ അനുമതിയും ഗസറ്റും: ഇരുസഭകളും പാസാക്കുന്ന ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കും. രാഷ്ട്രപതി ഇതിൽ ഒപ്പുവയ്‌ക്കുന്നതോടെ ബിൽ ഔദ്യോഗികമായി നിയമമായി മാറുകയും കേന്ദ്ര ഗസറ്റിൽ വിജ്ഞാപനം വരുകയും ചെയ്യും.

വിജ്ഞാപനം വരുന്നതോടെ സംസ്ഥാന സർക്കാർ ഔദ്യോഗിക ഭരണപരമായ നടപടികളിലേക്ക് കടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഔദ്യോഗിക ഭാഷകളിലും ഇത് ‘കേരളം’ എന്ന് തന്നെ രേഖപ്പെടുത്തും. സംസ്ഥാനത്തിന്റെ ഔദ്യോഗിക സീൽ, ലോഗോ, ലെറ്റർ പാഡ്, ബോർഡുകൾ, വെബ്‌സൈറ്റുകൾ എന്നിവയിലെല്ലാം അനുയോജ്യമായ മാറ്റങ്ങൾ വരും.

ഭരണഘടനാപരമായ പ്രധാന മാറ്റങ്ങൾ

ഒന്നാം ഷെഡ്യൂൾ: ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ബില്ല് നിയമമാകുന്നതോടെ, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും ‘Kerala’ എന്നതിന് പകരം ‘Keralam’ എന്ന് തിരുത്തപ്പെടും.

കേന്ദ്ര ഓഫീസുകളും രേഖകളും: കേന്ദ്ര സർക്കാർ ഓഫീസുകൾ, പാസ്‌പോർട്ട്, ഔദ്യോഗിക വെബ്‌സൈറ്റുകൾ, ദേശീയ മാപ്പുകൾ, അന്താരാഷ്ട്ര കരാറുകൾ എന്നിവയിലെല്ലാം സംസ്ഥാനത്തിന്റെ പേര് ‘Keralam’ എന്നായി മാറും.

എട്ടാം ഷെഡ്യൂൾ: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് തന്നെ രേഖപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, സീലുകൾ, ഔദ്യോഗിക ലെറ്റർപാഡുകൾ എന്നിവയെല്ലാം മാറ്റേണ്ടി വരുന്നത് വലിയ ചെലവേറിയ പ്രക്രിയയായിരിക്കും.

പഴയ സർട്ടിഫിക്കറ്റുകൾ മാറ്റി വാങ്ങേണ്ടതുണ്ടോ?

ഭരണഘടനാ ഭേദഗതിയിലൂടെ ‘കേരള’ എന്നത് ‘കേരളം’ എന്ന് മാറ്റുമ്പോൾ നിങ്ങളുടെ പഴയ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ തിരുത്തേണ്ട യാതൊരു ആവശ്യവുമില്ല.

നിലവിലെ രേഖകൾ സാധുവായിരിക്കും: ഈ നിയമം പ്രാബല്യത്തിൽ വരുന്ന തീയതിക്ക് ശേഷം ഇറങ്ങുന്ന പുതിയ രേഖകൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. നിലവിലുള്ള നിയമപ്രകാരം ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുമ്പോൾ, ആ തീയതി വരെ നൽകിയിട്ടുള്ള SSLC, പ്ലസ് ടു, ബിരുദ സർട്ടിഫിക്കറ്റുകൾ, ആധാർ, പാസ്‌പോർട്ട്, റേഷൻ കാർഡ് തുടങ്ങിയ രേഖകളെല്ലാം അതേപടി വാലിഡ് ആയി തുടരും.

മുൻ ഉദാഹരണങ്ങൾ: മുമ്പ് ‘ഒറീസ’ എന്നത് ‘ഒഡീഷ’ എന്നും, ‘പോണ്ടിച്ചേരി’ എന്നത് ‘പുതുച്ചേരി’ എന്നും മാറ്റിയപ്പോഴും പഴയ സർട്ടിഫിക്കറ്റുകൾ തിരുത്തേണ്ടി വന്നിട്ടില്ല.

കരാറുകളും സ്ഥാപനങ്ങളും: രാജ്യാന്തര ഏജൻസികളുമായുള്ള കരാറുകളിലും മാപ്പുകളിലും ഘട്ടമായി പേര് പുതുക്കും. ‘കേരള സർക്കാർ’ എന്ന് ചേർത്തു വായിക്കുന്ന ഇടങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും ‘കേരള’ എന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഇടങ്ങളിലെല്ലാം ‘കേരളം’ എന്നാകും. ‘കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്’ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുമാറ്റം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടന്നുവരികയാണ്.

ഓൺലൈൻ അപ്‌ഡേഷൻ: സംസ്ഥാന പേര് മാറ്റം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഔദ്യോഗികമായി നടപ്പിലാക്കി കഴിഞ്ഞാൽ, അതിന് ശേഷം നിങ്ങൾ പുതിയതായി അപേക്ഷിക്കുന്ന രേഖകളിൽ മേൽവിലാസത്തിൽ ‘Keralam’ എന്ന് സ്വയം അച്ചടിച്ചു വരും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (UIDAI), സിവിൽ സപ്ലൈസ് വകുപ്പ്, പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവരുടെ ഓൺലൈൻ സിസ്റ്റങ്ങളിൽ ബാക്ക്-എൻഡ് വഴി ‘Kerala’ എന്നത് ‘Keralam’ എന്ന് തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇതിനായി വ്യക്തികൾ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല.

പ്രവാസികളും വിദേശയാത്രക്കാരും അറിയാൻ

പ്രവാസികളും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവരും ഇതിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.

കൈവശമുള്ള നിലവിലെ പാസ്‌പോർട്ട് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല. അതിൽ ‘സംസ്ഥാനം: Kerala’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൊണ്ട് അത് അസാധുവായി മാറില്ല. കാരണം രാജ്യത്തിന് കീഴിലാണ് പാസ്‌പോർട്ട് വരുന്നത്.

പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി തീരുന്നത് വരെ നിങ്ങൾക്ക് അത് ഉപയോഗിച്ച് ലോകത്ത് എവിടെയും തടസ്സമില്ലാതെ യാത്ര ചെയ്യാം. ഇത്തരം ഭരണപരമായ പേരുമാറ്റങ്ങൾ സാധാരണമാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റാബേസുകളിൽ മാറ്റം വരുന്നതോടെ ആഗോള എമിഗ്രേഷൻ സംവിധാനങ്ങൾ ഇത് സ്വയമേവ തിരിച്ചറിയും.

പേരുമാറ്റ ബിൽ പൂർണമായും നിയമമായി വിജ്ഞാപനം ഇറങ്ങിയ ശേഷം പുതിയതായി പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ, നിലവിലുള്ളത് പുതുക്കുമ്പോഴോ മാത്രമായിരിക്കും പുതിയ മാറ്റം ബാധകമാകുക.

ഹൈക്കോടതിയുടെ പേര് മാറുമായിരിക്കും?

കേരള ഹൈക്കോടതി എന്ന പേരിൽ മാറ്റമുണ്ടാകില്ല, അത് പഴയപടി തന്നെ തുടരും. ഹൈക്കോടതികളുടെ പേര് മാറ്റാൻ നിലവിൽ നിയമപരമായ വ്യവസ്ഥകളില്ല. 1996-ൽ മദ്രാസ് എന്ന പേര് ചെന്നൈ എന്നാക്കിയപ്പോഴും ബോംബെ, കൽക്കട്ട, ഒറീസ, ഗൗഹത്തി ഹൈക്കോടതികളുടെ പേരുമാറ്റത്തിനും 2016-ൽ കേന്ദ്രം ബിൽ കൊണ്ടുവന്നിരുന്നെങ്കിലും അത് നടപ്പിലായിരുന്നില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer