കാസർകോട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പുങ്ങംചാൽ കൊടിയംകുണ്ട് വീട്ടിൽ രാജുവാണ് മരിച്ചത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയ്ക്കും പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി ഏകദേശം 7.30ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലാണ് അപകടം ഉണ്ടായത്. പോലീസ് ജീപ്പും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനു പിന്നാലെ സ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാർ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് വാഹനം നീക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു.
വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.




