പഞ്ചാബ്: പഞ്ചാബ് നിയമസഭയിൽ തൊഴിലാളി ദിന പ്രത്യേക സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച നിലയിൽ സഭയിലെത്തിയെന്നാരോപിച്ച് വിവാദം. കോൺഗ്രസ് എംഎൽഎയാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്, തുടർന്ന് സഭയിൽ പ്രതിഷേധം ശക്തമായി.
പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ, വിഷയത്തിൽ വ്യക്തത വരുത്താൻ എല്ലാ എംഎൽഎമാരും ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ശിരോമണി അകാലിദളും കടുത്ത വിമർശനവുമായി രംഗത്തെത്തി. നിയമസഭയിൽ നടന്ന സംഭവങ്ങളുടെ വീഡിയോ പുറത്തുവിടണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. തൊഴിലാളി ദിനത്തിൽ മദ്യപിച്ച് സഭയിൽ എത്തിയെന്ന ആരോപണം ലജ്ജാകരമാണെന്നും അകാലിദൾ പ്രതികരിച്ചു.
മെയ് 1-ന് തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആം ആദ്മി സർക്കാർ പഞ്ചാബ് വിധാൻ സഭയിൽ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയ സാഹചര്യത്തിലാണ് ഈ വിവാദം ഉയർന്നത്.




