കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പറമ്പ് സ്വദേശി നൗഫൽ (30), കുന്ദമംഗലം സ്വദേശി ഷാമിൽ മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24-നാണ് തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് മൂന്ന് തബലകളും 5000 രൂപ വിലവരുന്ന ചെരിപ്പും മോഷണം പോയത്. താമസക്കാരിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെയും അവർ ഉപയോഗിച്ച വാഹനവും തിരിച്ചറിഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഷാമിലിനെ കുന്ദമംഗലത്തുനിന്നും നൗഫലിനെ ചേവായൂരിൽ നിന്നുമാണ് പിടികൂടിയത്. നൗഫലിനെതിരെ മുൻപും ചില കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ചേവായൂർ ഇൻസ്‌പെക്ടർ മഹേഷ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




