ജയ്പുർ: കഴിഞ്ഞ മത്സരത്തിൽ 75 റൺസിന് ഓൾഔട്ടായ ഡൽഹി ഇത്തവണ 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് വീണ്ടും ഞെട്ടിച്ചു. രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം.
തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷമാണ് ഡൽഹിയുടെ വിജയം. ഇതോടെ എട്ടു പോയിന്റുമായി ചെന്നൈയെ മറികടന്ന് ആറാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. പോയിന്റ് ടേബിളിൽ ഒന്നാമതാകാനുള്ള അവസരമാണ് രാജസ്ഥാനു നഷ്ടമായത്. 12 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്ത് തുടരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ സീസണിലെ ആദ്യ അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗ് (50 പന്തിൽ 90), അവസാന ഓവറുകളിൽ കത്തിക്കയറിയ ഡൊണോവൻ ഫെരേര (14 പന്തിൽ 47*), ധ്രുവ് ജുറേൽ (30 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്കോറിലെത്തിച്ചത്




