പാലക്കാട്: സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയെന്ന് റിപ്പോർട്ട്. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി സുരേഷ് ബാബുവിനെതിരെ പരാതി നൽകിയതെന്നാണ് വിവരം. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അതിന്റെ ഗുരുതര സ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നടപടിയെന്ന നിലയിൽ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.
സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. നടപടികൾക്ക് പിന്നാലെ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. നിലവിൽ സംസ്ഥാന സമിതിയിലും ജില്ലാ സെക്രട്ടറിയറ്റിലും അംഗമായ സുരേഷ് ബാബുവിനെ ഈ സ്ഥാനങ്ങളിൽനിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് പാർട്ടി നീക്കമെന്നാണ് വിവരം.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം വിഷയം സംസ്ഥാന സെക്രട്ടറിയറ്റ് ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതി നൽകിയ പരാതിക്ക് പുറമെ സംഘടനാതലത്തിൽ മറ്റ് ചില പരാതികളും സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അഭിഭാഷകയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ജില്ലാ സമ്മേളനത്തിനോ പാർട്ടി നേതൃത്വത്തിനോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുതിയ ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാൽ തന്റെ അഭ്യർഥനപ്രകാരമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം.



