തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിലെ വിശദീകരണം.
വെയിലിൽ നിന്ന് സംരക്ഷണം നൽകാനാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയതെന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരങ്ങൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറുകയും ശക്തമായ കാറ്റും മഴയും ഉണ്ടാകുകയും ചെയ്തതോടെ റൂഫിംഗ് തകർന്നുവീണെന്നാണ് റിപ്പോർട്ടിലെ വിശദീകരണം.
തൃശ്ശൂരിലെ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിനിടെയാണ് അപകടമുണ്ടായത്. നീന്തൽക്കുളത്തിന് സമീപത്തെ ഗാലറിയുടെ താൽക്കാലിക മേൽക്കൂരയും ഷീറ്റുകളും ശക്തമായ കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പത്തോളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റു. ഇതിൽ നാല് കുട്ടികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ അതൃപ്തി രേഖപ്പെടുത്തിയിട്ടും പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിക്കാർ ഇല്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അപകടത്തിന്റെ സ്വഭാവം കണക്കിലെടുത്ത് സ്വമേധയാ കേസെടുക്കുന്നതിലും നിയമപരമായ പരിമിതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.


