തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്റെയും ശ്രീലേഖയുടെയും വിശദീകരണം.
രാജി പിൻവലിച്ചതിന് പിന്നാലെ വോട്ടർമാർക്ക് വിശദീകരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ ശ്രീലേഖ നിലപാട് വ്യക്തമാക്കും. രാജിയിൽ നിന്ന് പിന്മാറിയതിൽ ബിജെപി നേതൃത്വത്തിന് ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്ക പൂർണമായി മാറിയിട്ടില്ല.
കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് സന്ദേശം പങ്കുവച്ചത്. എന്നാൽ ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ശേഷം സന്ദേശം പിൻവലിക്കുകയായിരുന്നു.
ശ്രീലേഖയുടെ രാജിക്ക് പിന്നിൽ പാർട്ടിയോടുള്ള അതൃപ്തിയല്ലെന്നും ആരോഗ്യ പ്രശ്നങ്ങളാണെന്നും ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന, ജില്ലാ നേതാക്കൾ നടത്തിയ ഇടപെടലുകൾക്ക് പിന്നാലെയാണ് ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയത്. പ്രശ്നങ്ങളും പരാതികളും പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായും വിവരമുണ്ട്.
ശാരീരിക അസ്വാസ്ഥ്യം കാരണം ജനപ്രതിനിധിയുടെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന ആശങ്ക ശ്രീലേഖയ്ക്കുണ്ടായിരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. ആരോഗ്യനില മോശമായതിനെ തുടർന്ന് ശ്രീലേഖയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മർദ്ദം ഉയർന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ഉച്ചയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ശ്രീലേഖയെ ആശുപത്രിയിൽ സന്ദർശിച്ച ചിത്രങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ശ്രീലേഖ വേഗത്തിൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചിരുന്നു.


