ആലപ്പുഴ: മാന്നാറിൽ സൈക്കിളിൽ നിന്ന് വീണുമരിച്ച ബിഹാർ സ്വദേശിനിയായ അതിഥി തൊഴിലാളിയുടെ മൃതദേഹം കെ.സി വേണുഗോപാൽ എം.പിയുടെ ഇടപെടലിലൂടെ ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡുവിന്റെ ഭാര്യ സൈറ ഹാത്തൂരാണ് അപകടത്തിൽ മരിച്ചത്.
മാന്നാറിലെ ചെന്നിത്തലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ലഡുവിനും മൂന്ന് മക്കൾക്കും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കണമെന്ന ലഡുവിന്റെ ആഗ്രഹം പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് എം.പി വിമാനയാത്രയ്ക്കുള്ള മുഴുവൻ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം എംബാം ചെയ്ത മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ പറ്റ്നയിലേക്ക് എത്തിച്ചു. മൃതദേഹത്തിനൊപ്പം ലഡുവിനും മക്കൾക്കും പോകാനുള്ള സൗകര്യവും ബിഹാറിലെത്തിയ ശേഷമുള്ള മറ്റ് ക്രമീകരണങ്ങളും എം.പിയുടെ നിർദ്ദേശപ്രകാരം പൂർത്തിയാക്കി. ജോലിയെടുക്കുന്ന സ്ഥാപന ഉടമയിൽ നിന്ന് സഹായം ലഭിക്കാതെയും കുട്ടികൾക്ക് ഭക്ഷണം പോലും നൽകാൻ കഴിയാതെയും പ്രതിസന്ധിയിലായ ഈ കുടുംബത്തിന് കെ.സി വേണുഗോപാലിന്റെ സമയോചിതമായ ഇടപെടൽ വലിയ ആശ്വാസമായി മാറി.




