റിയാദ്: ബഹ്‌റൈന്റെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണകൂടം കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പൂർണ ഐക്യദാർഢ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിടുന്ന ഏതൊരു ശ്രമത്തെയും പ്രതിരോധിക്കാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തടയാനുള്ള നടപടികൾക്ക് സൗദിയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ബഹ്‌റൈന്റെ സുരക്ഷ ഗൾഫ് മേഖലയിലെ സമഗ്ര സുരക്ഷയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സൗദി പ്രതികരണം. മേഖലയുടെ സ്ഥിരതയിൽ ബഹ്‌റൈൻ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും, അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മന്ത്രാലയം അറിയിച്ചു.




