കൊല്ലം: രോഗിയോടും ഒപ്പമെത്തിയവരോടും മോശമായി പെരുമാറിയെന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നിർബന്ധിത അവധി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോടാണ് നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകിയത്.
രോഗിയോടും ബന്ധുക്കളോടും ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തു.
പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോടാണ് ഡോക്ടർ തർക്കിച്ചത്. രോഗിയുടെ ആരോഗ്യപ്രശ്നങ്ങൾ അടിയന്തര ചികിത്സ ആവശ്യമുള്ളതല്ലെന്നും എമർജൻസി വിഭാഗം ഇതിനായി തുറന്നുവച്ചതല്ലെന്നുമുള്ള തരത്തിലുള്ള പ്രതികരണങ്ങൾ ഡോക്ടർ നടത്തിയതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
പാതിരാത്രി കഴിഞ്ഞിട്ടും ചികിത്സയ്ക്കായി എത്തിയതിനെ ചോദ്യം ചെയ്യുന്നതും രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും മോശമായി സംസാരിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.




