ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി ഹൈദരാബാദ്. ഒന്നര ലക്ഷത്തോളം കാണികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അത്യാധുനിക സ്റ്റേഡിയമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പുതിയ സ്‌പോര്‍ട്‌സ് സിറ്റി വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഭീമന്‍ സ്റ്റേഡിയം ഉയരുന്നത്. ഭാരത് ഫ്യൂച്ചര്‍ സിറ്റിയുടെ ഭാഗമായാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്.
ഒരു ലക്ഷത്തില്‍ അധികം കാണികള്‍ക്ക് ഒരേസമയം മത്സരം തത്സമയം കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തില്‍ ഒരുക്കുക. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാള്‍ മികച്ച സൗകര്യങ്ങളും വിസ്തൃതവുമായ കായിക സമുച്ചയം ഇവിടെ ഉയരും. ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമെ മറ്റ് പ്രൊഫഷണല്‍ കായിക വിനോദങ്ങള്‍ക്കുള്ള അക്കാദമികള്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍, അത്‌ലറ്റുകള്‍ക്കുള്ള അത്യാധുനിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ സ്‌പോര്‍ട്‌സ് സിറ്റിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്.
നിലവില്‍ ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പ്രധാന അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്‍ പോരാട്ടങ്ങളും നടക്കുന്നത്. പുതിയ സ്റ്റേഡിയത്തിന്റെ ചിലവ് BCCI വഹിക്കും. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് കൊടുക്കും.



