കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ പിതൃസഹോദരൻ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയും ഇവരുടെ മകനുമായ ഉവൈസ് രാജ്യം വിട്ടതിനെ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. കുട്ടിയുടെ കൈകളിലെയും കാലുകളിലെയും വിരലുകളിൽ ഈർക്കിലി കയറ്റുകയും മുറിവുകളിൽ മുളക് വെള്ളം ഒഴിക്കുകയും ചെയ്തെന്നാണ് കേസ്. കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും പരാതിയുണ്ട്.
സംഭവദിവസം രാത്രി പൂട്ടിയിട്ട മുറിയിൽ നിന്ന് രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ടു. എന്നാൽ പിതാവിന് പകരം പിതൃസഹോദരനും ഭാര്യയും മകനുമാണ് സ്റ്റേഷനിലെത്തിയത്. ഇവർക്കൊപ്പമാണ് കുട്ടിയെ പൊലീസ് മടക്കി അയച്ചതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുത്തതെന്നാണ് വിവരം. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ പ്രതികൾ ശ്രമിച്ചതായും ആരോപണമുണ്ട്. കുട്ടിക്ക് സൈക്കിൾ വാങ്ങിനൽകാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്തതായാണ് വിവരം.



