കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
തൊട്ടിൽപ്പാലത്തുനിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു.
നാദാപുരം ചേലക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ലോറിയുടെ ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
അപകടത്തിൽ പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിൽ ഗുരുതരമായി പരിക്കേറ്റതടക്കം 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.



