ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സിജെപിക്ക് നൽകിയ ഉറപ്പുകളിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി പാർട്ടി വ്യക്തമാക്കിയത്. സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി.
അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർക്കെതിരായ കേസുകൾ തുടരും. ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടാത്ത മറ്റ് കേസുകളിലെ നടപടികളും അവസാനിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
സിജെപിക്ക് നൽകിയ വാക്ക് പാലിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കോടതിയെ അറിയിച്ചു. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സംതൃപ്തിയുണ്ടെന്ന് സിജെപി സഹകൺവീനർ സൗരവ് ദാസ് പറഞ്ഞു. സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതിനെക്കുറിച്ച് സിജെപി വിശദീകരണം നൽകിയത്. സിജെപിയുടെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് സ്വാഗതം ചെയ്തു.
ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കായിരുന്നു സെപ്റ്റംബർ 5ന് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 24നാണ് മാർച്ച് പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിലും പിന്നീട് നടത്തിയ പുനഃപരീക്ഷയിലും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങളും സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ടവരും മാർച്ചിന് നേതൃത്വം നൽകുമെന്ന് സിജെപി നേരത്തെ അറിയിച്ചിരുന്നു.












