കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ദുരന്തത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായതായി പരാതി. പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണി രാജ (63)യെയാണ് കാണാതായത്. നേപ്പാളിലെ ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് ബന്ധുക്കളുടെ സംശയം.
ഏകദേശം 40 വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന സുനന്ദ നിലവിൽ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്. ഓഗസ്റ്റ് 25ന് ഉച്ചയോടെ നേപ്പാളിലെത്തിയതായി അറിയിച്ച് സുനന്ദ വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരി പറഞ്ഞു. എന്നാൽ പിറ്റേ ദിവസം ദുരന്തമുണ്ടായതിന് ശേഷം സുനന്ദയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം 16ന് ലണ്ടനിൽ നിന്ന് ഡൽഹിയിലെത്തിയ സുനന്ദ പിന്നീട് നേപ്പാളിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നേപ്പാളിലെ ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുനന്ദയ്‌ക്കൊപ്പം ലണ്ടനിൽനിന്ന് എത്തിയ സംഘത്തെക്കുറിച്ചും നിലവിൽ വിവരമൊന്നുമില്ല. സംഘത്തിൽ മലയാളിയായി സുനന്ദ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.
സുനന്ദയെ കണ്ടെത്തുന്നതിനായി കുടുംബം ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.



