തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ഫാത്തിമ തഹ്ലിയ, സുധീർ ഷാ പാലോട്, ദീപക് ജോയ്, ടി.എം. ശശി, സുമേഷ് അച്യുതൻ, വിനു ജോബ്, സി.വി. ശാന്തകുമാർ എന്നിവർ പ്രതിനിധീകരിച്ചിരുന്ന വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
സെപ്റ്റംബർ മൂന്ന് മുതൽ 10 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.
സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 3,09,713 വോട്ടർമാരാണ് പുതുക്കിയ വോട്ടർപട്ടികയിലുള്ളത്. ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്.
ഉപതെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (സെപ്റ്റംബർ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ ബന്ധപ്പെട്ട വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുക.
കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ട് വാർഡുകൾ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ മുനിസിപ്പാലിറ്റികളിലെ മൂന്ന് വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.












