കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജിയെയാണ് ബിർഭും ജില്ലയിലെ രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി.
ചൊവ്വാഴ്ച രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിലെ വീടിന്റെ രണ്ടാം നിലയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഭർത്താവുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിച്ചുവരികയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ബോൽപുരിലെ അപ്പർ പ്രൈമറി സ്കൂളിൽ അനധ്യാപികയായി ജോലി ചെയ്തിരുന്ന ബ്രിസ്റ്റിക്ക് 2023 മാർച്ചിലാണ് ജോലി നഷ്ടമായത്. അനധികൃത നിയമനം കണ്ടെത്തിയതിനെ തുടർന്ന് 26,000 അധ്യാപക-അനധ്യാപകരുടെ നിയമനമാണ് റദ്ദാക്കിയത്. നടപടി കൊൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവച്ചിരുന്നു.
കോടതി വിധിയെ തുടർന്ന് ബ്രിസ്റ്റി മാനസികമായി തകർന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ മരണത്തിന് ഇതാണോ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിന്റെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും മരണകാരണം വ്യക്തമാകുക.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)












