വിവാഹങ്ങളിൽ വ്യത്യസ്തമായ സംഭവങ്ങൾ പതിവാണ്. ഇപ്പോഴിതാ, വിവാഹ തിരക്കിനിടെ ഡെലിവറി ഏജന്റിന് പണം നൽകാൻ ഒരു കുടുംബം കണ്ടെത്തിയ രസകരമായ രീതിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗ്രോസറി സാധനങ്ങൾ എത്തിച്ച ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിന് പണം നൽകിയത് നോട്ടുകൾ കോർത്ത മാലയായിട്ടാണ്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഭവ്യ ശ്രീധർ എന്ന യുവതിയാണ് പങ്കുവച്ചത്.
വീട്ടിൽ വിവാഹ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ ഏകദേശം 2,000 രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. സാധനങ്ങൾ എത്തിച്ച ഏജന്റ് പണം ചോദിച്ചപ്പോൾ, കൈയിൽ കാഷ് ഇല്ലാതിരുന്നതിനാൽ കുടുംബം 2,100 രൂപയുടെ നോട്ടുകൾ കോർത്ത മാല തന്നെ അദ്ദേഹത്തിന് നൽകി. മാല കഴുത്തിലണിഞ്ഞ ഏജന്റ് ചിരിച്ചുകൊണ്ട് ഇത് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം.
“ഞങ്ങൾ വിവാഹ തിരക്കിലാണ്, അതിനാൽ ഈ മാലയിലെ നോട്ടുകൾ താങ്കൾ തന്നെ അഴിച്ചെടുക്കണം” എന്ന് കുടുംബാംഗങ്ങൾ തമാശയായി പറയുന്നതും വീഡിയോയിൽ കേൾക്കാം. ‘ബ്ലിങ്കിറ്റ് ഏജന്റ് വിവാഹവീട്ടിൽ സാധനങ്ങൾ എത്തിക്കുമ്പോൾ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
“ഇന്ത്യയിൽ മാത്രമേ ഇങ്ങനെ പേയ്‌മെന്റ് നൽകുന്നത് വിവാഹ ചടങ്ങ് പോലെ ആക്കാൻ കഴിയൂ” എന്നും, “അയാൾ സാധനങ്ങൾ നൽകാൻ വന്നു, പക്ഷേ മടങ്ങുന്നത് വരന്റെ അടുത്ത സുഹൃത്തിനെപ്പോലെയാണ്” എന്നുമാണ് ചിലരുടെ കമന്റുകൾ. നോട്ടുകൾ അഴിച്ചെടുക്കാനുള്ള കഷ്ടപ്പാടിനുള്ള കൂലിയായി അധികം നൽകിയ 100 രൂപയാണെന്നും ചിലർ തമാശയായി പറയുന്നു.




