കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ അവരുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മുട്ടുകുത്തിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തന്നെയാകും ബിജെപിയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ സാധ്യതകളധികവും. മമതയെ അവരുടെ മണ്ഡലത്തിൽ തോൽപ്പിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നത്. ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്ര കർക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, പാർട്ടി വൈസ് പ്രസിഡന്റ് അഗ്നിമിത്ര പോൾ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അസൻസോൾ ദക്ഷിണിൽ നിന്നും വിജയിച്ച അഗ്നിമിത്ര പോൾ, പാർട്ടി ഒരു വനിതാ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെങ്കിൽ പ്രധാന പരിഗണന ലഭിക്കാൻ സാധ്യതയുള്ള നേതാവാണ്.




