ന്യൂഡൽഹി: സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ ചർച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകൾ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചർച്ച നടത്തും. ഇത്തവണ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിൽനിന്ന് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പകരം ലീഗിന് ആരോഗ്യവകുപ്പ് വിട്ടുനൽകിയേക്കും.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജ്ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് ഘടകകക്ഷികൾക്ക് വിട്ടുനൽകില്ലെന്നാണ് വിവരം. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതു മരാമത്ത് എന്നിവയാണ് മുസ്ലിം ലീഗ് ഉറപ്പിച്ച വകുപ്പുകൾ. 2011-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഐ.ടി. വകുപ്പ് മുസ്ലിം ലീഗിന് നൽകിയിരുന്നു.
എന്നാൽ അത് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ഫിഷറീസ്, തൊഴിൽ, ഗതാഗതം തുടങ്ങിയ വകുപ്പുകൾ ആണ് മറ്റ് ഘടക കക്ഷികൾക്ക് നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്.




