കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്ര അതിർത്തി വഴി നിയമവിരുദ്ധമായി രാജ്യത്ത് കടക്കാൻ ശ്രമിച്ച നാല് പേരെ സായുധ സേന പിടികൂടി. പുലർച്ചെയോടെ സമുദ്രമേഖലയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാസേന വേഗത്തിൽ ഇടപെട്ട് ഇവരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു.
പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി ആണ് വിവരം സ്ഥിരീകരിച്ചത്. മതിയായ യാത്രാരേഖകളില്ലാതെ കടൽമാർഗ്ഗം കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയ ഇവരെ തുടര്‍നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പിടിയിലായവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തിന്റെ സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിൽ സായുധ സേന ശക്തമായ ജാഗ്രത തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ പ്രാദേശിക സാഹചര്യം പരിഗണിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും, സുരക്ഷാ വിഷയങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂവെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






