ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂരിൽ 13 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിൽ ക്രൂസ് ബോട്ട് ഓപ്പറേറ്റർക്കും ജീവനക്കാർക്കുമെതിരെ ജബൽപുർ ജില്ലാ കോടതി സ്വമേധയാ കേസെടുത്തു. അപകട സമയത്ത് യാത്രക്കാരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്വീകരിച്ചത്.
സെക്ഷൻ 106 (അശ്രദ്ധ മൂലം മരണം സംഭവിക്കൽ), സെക്ഷൻ 110 (നരഹത്യ) എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചു. ബോട്ടിന്റെ പ്രവർത്തനങ്ങളും സാഹചര്യങ്ങളും അറിയാമായിരുന്നിട്ടും ഓപ്പറേറ്റർ സുരക്ഷിതമായി രക്ഷപ്പെട്ടുവെന്നും, യാത്രക്കാരെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണം നടത്താതെ വിടുകയാണെങ്കിൽ സമാന അപകടങ്ങൾ ആവർത്തിക്കാമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ കോടതി അഭിനന്ദിച്ചു. ബർഗി ഡാമിലെ ഈ ദുരന്തത്തിൽ ഇതുവരെ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തെരച്ചിൽ നടപടികൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.




