ജോധ്പൂർ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ആർ ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. 72 വയസായിരുന്നു. തമിഴ് നടൻ ജീവയുടെ പിതാവാണ് ആർ ബി ചൗധരി. സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകനായിരുന്ന അദ്ദേഹം തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏകദേശം 99 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. നാട്ടാമൈ, സൂര്യവംശം, തുള്ളാത്ത മനവും തുള്ളും, ആനന്ദം, തിരുപ്പാച്ചി, ഷാജഹാൻ, ജില്ല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു. ചലച്ചിത്ര രംഗത്തേക്ക് നിരവധി സംവിധായകരെ പരിചയപ്പെടുത്തുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കെ എസ് രവികുമാർ ഉൾപ്പെടെ പലർക്കും അവസരം നൽകിയത് അദ്ദേഹം തന്നെയാണ്.
1990ൽ പുറത്തിറങ്ങിയ പുതുവസന്തം എന്ന ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ഫഹദ് ഫാസിൽ അഭിനയിച്ച “മാരീസൻ” ആണ് റിലീസായ അവസാന ചിത്രം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




