ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപം തുടരുന്നതിനിടെ ഇന്തോ–മ്യാന്മർ അതിർത്തിക്ക് സമീപം നാഗ ഗ്രാമങ്ങൾക്ക് നേരെ കടുത്ത ആക്രമണം നടന്നതായി റിപ്പോർട്ട്. കാംജോങ് ജില്ലയിലെ തങ്ഖുൽ നാഗ വിഭാഗങ്ങൾ താമസിക്കുന്ന ചോറോ, വാങ്‌ലി, നംലി എന്നീ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ പുലർച്ചെ ഏകദേശം 3.30-ഓടെ നൂറിലധികം പേരടങ്ങുന്ന സായുധ സംഘം ഗ്രാമങ്ങൾ വളഞ്ഞ് വെടിവെപ്പും ബോംബാക്രമണവും നടത്തിയതായാണ് പ്രദേശവാസികളുടെ ആരോപണം. ഡ്രോണുകൾ ഉൾപ്പെടെ ആധുനിക ആയുധങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിൽ 18 വീടുകൾ പൂർണ്ണമായും കത്തിനശിച്ചു. വെടിവെപ്പിലും ആക്രമണങ്ങളിലും നിരവധി ഗ്രാമീണർക്ക് പരിക്കേറ്റതായും, ചിലരെ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചതായും തങ്ഖുൽ നാഗ സംഘടനകൾ ആരോപിക്കുന്നു. രണ്ട് പേരെ സായുധ സംഘം തട്ടിക്കൊണ്ടുപോയതായും അവർ പറഞ്ഞു.
അതിർത്തി സുരക്ഷാ ചുമതലയുള്ള അസം റൈഫിൾസ് ക്യാമ്പിന് സമീപത്താണ് ആക്രമണം നടന്നത് എന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
മ്യാന്മർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് തങ്ഖുൽ നാഗ ലോങ്ങ് (TNL) ആരോപിച്ചു. മ്യാന്മറിലെ പിഡിഎഫ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും സംഘടന വ്യക്തമാക്കി.






