കൊല്ലം: സംസ്ഥാനത്തേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ 3 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായ കേസാണ് പ്രതികളിലേക്കുള്ള അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് കേസിലെ രണ്ടാം പ്രതിയായ ഷംനാദിനെ ബെംഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ, എംഡിഎംഎ കൈമാറിയ സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ശിവമൊഗ സ്വദേശിയുമുള്ള സംഘം പിടിയിലായത്.പിടിയിലായ മുഹമ്മദ് സിജാഹ് മുൻപ് തന്നെ മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ എംഡിഎംഎ പിടികൂടിയ കേസുകളിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിനായി എത്തിയ അദ്വൈത പിന്നീട് ലഹരിമരുന്ന് സംഘത്തിലേക്ക് എത്തിപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വ്യാജ പേരിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന കമിതാക്കളെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.




