ക്രിക്കറ്റിലും വ്‌ളോഗിങ്ങിലും ഒരേപോലെ കഴിവ് തെളിയിച്ച ആളാണ് പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ്. ഓരോ മത്സരത്തിന് ശേഷവും രസകരമായ കണ്ടന്റുകള്‍ വെച്ചാണ് താരം വ്‌ളോഗ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ ക്രിക്കറ്റ് മാത്രം കളിച്ച മതി വ്‌ളോഗിങ് വേണ്ടാ എന്ന് അര്‍ഷ്ദീപിനോട് പറഞ്ഞിരിക്കുകയാണ് ബിസിസിഐ. യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിലിരുന്ന് വേപ് ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് കാരണം.
പഞ്ചാബ് കിങ്‌സ് ടീം അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് യുസ്‌വേന്ദ്ര ചാഹല്‍ വേപ്പ് ഉപയോഗിച്ചത്. ഇത് അര്‍ഷ്ദീപിന്റെ വ്‌ളോഗില്‍ വ്യക്തമാണ്. ഈ വിഡിയോ അര്‍ഷ്ദീപ് സിങ് ആദ്യം പുറത്തുവിട്ട വിഡിയോയില്‍ ഉണ്ടായിരുന്നു. പ്രേക്ഷകര്‍ കമന്റിട്ടതോടെ ഇത് പിന്‍വലിച്ച് എഡിറ്റ് ചെയ്ത വിഡിയോ പോസ്റ്റ് ചെയ്തു. പക്ഷേ അതിനകം ആദ്യത്തെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ബിസിസിഐ മുന്നറിയിപ്പുമായി ഇടപെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ചഹല്‍ പ്രതികരിച്ചിട്ടില്ല.






