കണ്ണൂർ: പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ ഒരാളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ സ്വദേശി ഹംസത്തെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പറഞ്ഞ് അത് കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി ഹംസത്ത് പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാളെ മടക്കി അയച്ചു. സ്റ്റേഷനിലെത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഹംസത്ത് സമീപത്തെ സൈബർ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തി. അവിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ ഇയാൾ കയറി ഇരുന്നു. വാഹനത്തിന്റെ താക്കോൽ ജീപ്പിനുള്ളിലുണ്ടായിരുന്നതിനാൽ വാഹനം സ്റ്റാർട്ട് ചെയ്ത് ഇയാൾ കടത്തിക്കൊണ്ടുപോകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






