ബെംഗളൂരു: രാജ്യത്തെ യാത്രാ സംവിധാനങ്ങള്‍ക്ക് കരുത്ത് വര്‍ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി. കര്‍ണാടക മന്ത്രിസഭ ബെംഗളൂരു – ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും. നിലവില്‍ ഇത് 8-12 മണിക്കൂറുകള്‍ വരെയാണ്.
കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ട പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കല്‍, റൂട്ട് അലൈന്‍മെന്റ്, അടിസ്ഥാന സൗകര്യ ഏകോപനം എന്നിവയില്‍ കൂടിയാലോചനകള്‍ ആരംഭിച്ചതോടെ വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കാം. ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു.






