ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
പുതിയ മന്ത്രിസഭയിൽ കോൺഗ്രസിനും പങ്കാളിത്തം ലഭിക്കും. മേലൂർ എംഎൽഎ പി. വിശ്വനാഥനും രാജേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് വിവരം. വർഷങ്ങളായുള്ള ആവശ്യങ്ങൾക്കൊടുവിലാണ് കോൺഗ്രസിന് ഭരണത്തിൽ പങ്ക് ലഭിക്കുന്നത്.
അഞ്ച് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമായത്. 108 എംഎൽഎമാരിൽ നിന്ന് 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ ഗവർണർ ആർ. എൻ. രവി വിജയ്‌യ്ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു.
ആദ്യഘട്ടത്തിൽ എംഎൽഎമാരുടെ എണ്ണം സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ അനുമതി വൈകിയിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് പിന്തുണ കത്ത് ലഭിച്ചതോടെ വിജയ് ഗവർണറെ കണ്ടു സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിക്കുകയായിരുന്നു.






