കോഴിക്കോട്: വേനലവധിക്കാലത്ത് സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിൽപ്പന നടത്താനെത്തിയ സംഘത്തിൽ നിന്ന് 1.13 കിലോഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22), മുഹമ്മദ് അർഷലാൽ (25) എന്നിവരെ കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ദേശീയപാത 66-ൽ പന്തീരാങ്കാവ് കാപ്‌കോൺസിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ടൊയോട്ട ഓൾട്ടിസ് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഡാൻസാഫ് സംഘത്തിന്റെ രാത്രി പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് വിവരം പന്തീരാങ്കാവ് പൊലീസിന് കൈമാറി, സ്ഥലത്തെത്തിയ സംഘം കാർ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
ആദ്യ അന്വേഷണത്തിൽ ദില്ലി, ഗോവ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിതരണക്കാർക്ക് എത്തിച്ച് ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വേനലവധി സമയത്ത് സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിതരണം വർധിപ്പിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ആദിൽഷായുടെ പേരിൽ മുൻപ് തന്നെ എംഡിഎംഎ കൈവശം വച്ചതിനും ഉപയോഗിച്ചതിനും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.






