കാസർകോട്: മഴ ആരംഭിച്ചതോടെ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ മട്ടലായിയിലാണ് സംഭവം നടന്നത്. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപം ഏകദേശം 50 മീറ്ററിലധികം നീളത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി പെയ്ത മഴയെ തുടർന്നാണ് വിള്ളൽ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിള്ളൽ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്നും മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.






