കൊച്ചി: ഗൾഫ് മലയാളികൾക്ക് ആശ്വാസമായി സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ചു. നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) എത്തിയ ആദ്യ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി ഗംഭീര സ്വീകരണമാണ് അധികൃതർ നൽകിയത്.
കൊച്ചിയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും യാത്രാ ആവശ്യങ്ങളും പരിഗണിച്ചാണ് ഫ്ലൈനാസ് പുതിയ സർവീസ് തുടങ്ങിയത്. ആഴ്‌ചയിൽ മൂന്ന് ദിവസങ്ങളിലാണ് കൊച്ചി-റിയാദ് റൂട്ടിൽ വിമാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ ഈ റൂട്ടിൽ യാത്രക്കാർക്ക് സർവീസുകൾ ലഭ്യമാകും. എക്സ് വൈ 399, എക്സ് വൈ 400 എന്നീ ഫ്ലൈറ്റ് നമ്പറുകളിലാണ് വിമാനങ്ങൾ സർവീസ് നടത്തുക. 174 സീറ്റുകൾ ലഭ്യമായ ആധുനിക എയർബസ് എ 320 വിമാനമാണ് ഈ യാത്രകൾക്കായി കമ്പനി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ രാവിലത്തെ സമയക്രമത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയിൽ നിന്നുള്ള വിമാനം രാവിലെ 8.50ന് റിയാദിലേക്ക് പുറപ്പെടും. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരും. ഈ സമയക്രമം പ്രവാസി കുടുംബങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനകരമാകും.


