ലഖ്നൗ: വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് സിഇഒ ആയേക്കും. ഇതുസബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെയാണ് സിഇഒ നിയമനം.
വ്യോമസേന വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മുന്‍ മേധാവിയാണ് ജിതേന്ദ്ര മിശ്ര. 39 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച മിശ്ര, മികച്ച സേവനത്തിനുള്ള സര്‍വോത്തം യുദ്ധ് സേവാ മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയ ഉദ്യോഗസ്ഥന് കൂടിയാണ്.
അതേസമയം ഇത് ആദ്യമായാണ് രാമക്ഷേത്ര ട്രസ്റ്റില്‍ സിഇഒ തസ്തിക രൂപീകരിച്ച് നിയമനം നടത്തുന്നത്. ജൂലൈ ആറിനാണ് സിഇഒയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. 5,585 അപേക്ഷകളാണ് സെലക്ഷന് കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്. ഇതില്‍ 111 പേരെ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ഇതില്‍ 16 പേര് അവസാനഘട്ടത്തിലേക്ക് യോഗ്യത നേടി. ഇവരില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് പേരിലാണ് ജിതേന്ദ്ര മിശ്ര ഉള്‍പ്പെട്ടിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തതിന് ശേഷമായിരിക്കും സിഇഒ പ്രഖ്യാപനം ഉണ്ടാകുക.


