പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഹൗസ് സർജൻമാർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നതിനിടെ, അനുനയനീക്കത്തിനായി എത്തിയ വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് സമരക്കാരുടെ പരാതി. മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ എംപിയുടെ പരാമർശമാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം.
മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായിട്ടും മെഡിക്കൽ കോളേജിൽ എക്‌സ്‌റേ മെഷീൻ പ്രവർത്തനരഹിതമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് എംപി പറഞ്ഞതായി സമരക്കാർ ആരോപിച്ചു. ഇതു സംബന്ധിച്ച് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ എംപി ക്ഷുഭിതനായെന്നും ഹൗസ് സർജൻമാർ പറയുന്നു.
സമരത്തിന്റെ രണ്ടാം ദിവസമാണ് എംപി സ്ഥലത്തെത്തിയത്. എംപി എത്തുന്നതിൽ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഭുവനേശ്വർ പറഞ്ഞു. എന്നാൽ, സമരക്കാരുടെ ഉദ്ദേശ്യം മറ്റൊന്നാണെന്നും ‘ഷോ ഇറക്കേണ്ട’തില്ലെന്നും ഉൾപ്പെടെ എംപി പറഞ്ഞതായി അദ്ദേഹം ആരോപിച്ചു. സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്ന ഡോക്ടറോട് മൊബൈൽ ഫോൺ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതായും ഭുവനേശ്വർ പറഞ്ഞു.
മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായ എംപിക്ക് എക്‌സ്‌റേ മെഷീൻ തകരാറിലായ വിവരം പോലും അറിയില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് ആരോപണം. മുദ്രാവാക്യം വിളിച്ച വിദ്യാർഥികളെ നോക്കി ‘ഇവന്മാരൊക്കെയാണോ ഡോക്ടർമാരാകാൻ പോകുന്നത്’ എന്ന തരത്തിൽ എംപി പരാമർശം നടത്തിയെന്നും ഭുവനേശ്വർ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹൗസ് സർജൻമാരുടെ സമരം തുടരുന്നത്.




