തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷുഭിതനായ സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). മാധ്യമസ്ഥാപനങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.
ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ എത്തിയവരായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ‘ദേശാഭിമാനി’യിലെ മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചതോടെയാണ് വാർത്താസമ്മേളനത്തിനിടെ വാക്കുതർക്കത്തിന് സമാനമായ സാഹചര്യമുണ്ടായത്. വാർത്താസമ്മേളനത്തിൽ മര്യാദ പാലിക്കണമെന്നും പരിപാടി തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തുടർന്ന് മാധ്യമപ്രവർത്തകനോട് ‘നിങ്ങളിനി മിണ്ടരുത്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകരോടുള്ള രാഷ്ട്രീയ നേതാക്കളുടെ സമീപനം നേരത്തെയും വിവാദമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളിലും പൊതുവേദികളിലും മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’, ‘മാറി നിൽക്ക്’ തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയ സംഭവങ്ങളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും അധികാരത്തിലിരിക്കുന്നവർ വിമർശനങ്ങളെയും ചോദ്യങ്ങളെയും ജനാധിപത്യപരമായി നേരിടണമെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.




