ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് ആക്രമണത്തിനിരയായത്. അയൽവാസികൾ തമ്മിലുള്ള പഴയ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വിജയനെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുൻപ് ഉണ്ടായ ആക്രമണക്കേസിന്റെ വിചാരണ നടക്കുന്നതിനിടെ കേസ് നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ആരോപണം. അയൽവാസിയായ സത്താറും ഭാര്യയും മക്കളും ചേർന്നാണ് വിജയനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
വിജയന്റെ ഉടുമുണ്ട് അഴിച്ചുമാറ്റി തെങ്ങിൽ കെട്ടിയിട്ട ശേഷമാണ് മർദിച്ചതെന്നും തടയാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ സത്താർ ഉൾപ്പെടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും എല്ലാവരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.






