കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതേത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളും നേരത്തേ മാറ്റിവെച്ചിരുന്നു.
തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. ഇവ നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


