തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലഹരി ഇടപാടുകളും ക്രിമിനൽ പശ്ചാത്തലവുമുള്ള ബ്രൂസ്ലി ഷിബുവിനെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ഥിരമായി കാണപ്പെട്ടിരുന്ന യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് സംഭവം പുറത്തായത്. തുടർന്ന് ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്.
സംഭവത്തിന് ശേഷം കാണാതായിരുന്ന യുവതിയെ പിന്നീട് കാട്ടാക്കട സ്റ്റാൻഡിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇവരെ സുരക്ഷിതമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കേസെടുത്തത്. അതേസമയം സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






