തിരുവനന്തപുരം:കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറുന്ന സാഹചര്യത്തിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ നിർണായക ചർച്ചകൾ പുരോഗമിക്കവെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് സ്ഥിരീകരണം. എഐസിസിയുടെ ഔദ്യോഗിക ലെറ്റര്‍ഹെഡിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഒപ്പും സീലും സഹിതമുള്ള കത്താണ് വ്യാപകമായി പ്രചരിക്കുന്നത്. മെയ് 10-ലെ തീയതി രേഖപ്പെടുത്തിയ ഈ കത്ത് വ്യാജമായി നിർമ്മിച്ചതാണെന്നും എഐസിസി ഇത്തരമൊരു ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
സാങ്കേതികമായ ചില പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ കത്ത് കൃത്രിമമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സാധാരണഗതിയിൽ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ‘മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു’ എന്നല്ല, മറിച്ച് ‘നിയമസഭാ കക്ഷി നേതാവിനെ (CLP Leader) തിരഞ്ഞെടുത്തു’ എന്ന ഭാഷയാണ് എഐസിസി ഉപയോഗിക്കാറുള്ളത്. ഭരണഘടനാപരമായ ഈ വ്യത്യാസം തിരിച്ചറിയാതെ തയ്യാറാക്കിയ കത്താണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുന്നതിനിടയിൽ ഇത്തരമൊരു വ്യാജ പ്രചാരണം നടന്നത് പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി കേരളത്തിലെ മുതിർന്ന നേതാക്കളായ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ കൃത്യമായൊരു പ്രഖ്യാപനം നടത്താൻ ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. കൂടുതൽ വിശദമായ ആലോചനകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. വിവിധ നേതാക്കളുടെ അവകാശവാദങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും പരിശോധിക്കുന്നതിനൊപ്പം ജനവികാരം കൂടി കണക്കിലെടുക്കാനാണ് ഹൈക്കമാൻഡ് നീക്കം.
അതേസമയം, വി.ഡി. സതീശന് അനുകൂലമായ റിപ്പോർട്ടുകളാണ് എഐസിസി നിയോഗിച്ച ഏജൻസികൾ നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നും ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, മുതിർന്ന നേതാക്കളുടെ നിലപാടുകളും സാമുദായിക സന്തുലനവും പരിഗണിക്കേണ്ടതിനാൽ ഹൈക്കമാൻഡ് ജാഗ്രതയോടെയാണ് കരുനീക്കുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നത് വരെ പ്രവർത്തകർ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.






