ലക്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ മകനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മകന്റെ നിരന്തര ഉപദ്രവമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ദിദൗലി മേഖലയിലെ നാസിർപൂർ ഗ്രാമവാസിയായ ദുഷ്യന്ത് (32) ആണ് കൊല്ലപ്പെട്ടത്. മെയ് 9-ന് ശ്യാംപൂർ ഗ്രാമത്തിന് സമീപത്തെ വനമേഖലയിലെ വരണ്ട കനാലിൽ നിന്നാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു.
മകനെ കൊലപ്പെടുത്തിയതായി സംശയം പ്രകടിപ്പിച്ച് പിതാവ് പ്രീതം സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. എന്നാൽ ചോദ്യം ചെയ്യലിനിടെ അമ്മ മായാ ദേവി, പിതാവ് പ്രീതം സിംഗ്, സഹോദരൻ സങ്കിത് എന്നിവർ ചേർന്നാണ് കൊലപാതക ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
മദ്യത്തിന് അടിമയായിരുന്ന ദുഷ്യന്ത് മാതാപിതാക്കളെയും ബന്ധുക്കളെയും സ്ഥിരമായി ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കുടുംബം ആഭരണങ്ങൾ പണയപ്പെടുത്തി ലഭിച്ച പണം ഉപയോഗിച്ച് വാടകക്കൊലയാളിയെ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
മെയ് 8-ന് രാത്രി സങ്കിത്തും വാടകക്കൊലയാളിയായ ജോഗേന്ദ്രയും മറ്റ് രണ്ട് പേരും ചേർന്ന് ദുഷ്യന്തിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതായാണ് പൊലീസ് കണ്ടെത്തൽ.
പിതാവ് പ്രീതം സിംഗിനെയും സഹോദരൻ സങ്കിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അമ്മ മായാ ദേവിയും ജോഗേന്ദ്രയും മറ്റ് രണ്ട് പ്രതികളും ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.






