കൊച്ചി:വ്യാജരേഖ ചമച്ച് നടത്തിയ അനധികൃത അവയവക്കൈമാറ്റ കേസിൽ അന്വേഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. എറണാകുളം റൂറലിന് പുറമെ കൊച്ചി സിറ്റി കേന്ദ്രീകരിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തും. ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതലയെന്നും മൂന്ന് ജില്ലകളിലായി അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ് പി കെ എസ് സുദർശൻ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ നിന്ന് പിടിയിലായ മുഖ്യപ്രതി നജീബ് കല്ലട്ര കഴിഞ്ഞ മൂന്ന് വർഷമായി ഈ മാഫിയാ ശൃംഖലയുടെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളുടെ ഇടപെടലിലൂടെ നടന്ന പത്തിലേറെ അവയവദാന ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പടക്കം 12 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ നജീബിന് രാഷ്ട്രീയ നേതാക്കളുൾപ്പെടെ സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഈ സ്വാധീനം അവയവക്കടത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുമെന്നും സൂചനയുണ്ട്. നിലവിൽ നജീബാണ് കേസിലെ പ്രധാന പ്രതിയെങ്കിലും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടന്നുവരികയാണ്.
അവയവക്കൈമാറ്റത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. നജീബിൽ നിന്ന് പിടിച്ചെടുത്ത പാസ്‌പോർട്ട്, മൊബൈൽ ഫോൺ, ഡയറി എന്നിവ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. ഡയറിയിലെ വിവരങ്ങൾ വഴി കൂടുതൽ ഇടപാടുകാരിലേക്കും ഏജന്റുമാരിലേക്കും എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടനുബന്ധിച്ച് റെയ്ഡുകളും തുടരന്വേഷണങ്ങളും ഉണ്ടാകുമെന്ന് റൂറൽ എസ് പി കൂട്ടിച്ചേർത്തു.






