എത്യോപ്യ: 12 വർഷമായി കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾക്ക് ഒടുവിൽ ലഭിച്ചത് ഒരേസമയം അഞ്ച് കുഞ്ഞുങ്ങളുടെ സന്തോഷം. എത്യോപ്യയിലെ ഹരാരി റീജിയണൽ സ്റ്റേറ്റിൽ നിന്നുള്ള 35-കാരിയായ ബെദ്രിയ ആദമാണ് നാല് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കും ജന്മം നൽകിയത്. ഹിവോട്ട് ഫാന സ്പെഷ്യലൈസ്ഡ് ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വന്ധ്യതാ ചികിത്സകളൊന്നും ഇല്ലാതെയാണ് ബെദ്രിയ സ്വാഭാവികമായി ഗർഭം ധരിച്ചത്. ഇത്തരം ചികിത്സകളില്ലാതെ ഒരേസമയം അഞ്ച് കുഞ്ഞുങ്ങൾ ജനിക്കുന്നത് വളരെ അപൂർവമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ജനിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ഭാരം 1.3 കിലോ മുതൽ 1.4 കിലോ വരെയായിരുന്നു. ഒരു കിലോയ്ക്ക് മുകളിൽ തൂക്കമുള്ള കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ കുറവായിരിക്കുമെന്നും ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് നൂർ അബ്ദുല്ലാഹി വ്യക്തമാക്കി.
“എന്റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല,” എന്നാണ് ബെദ്രിയ ബിബിസിയോട് പ്രതികരിച്ചത്. വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ ചോദ്യങ്ങളും വിമർശനങ്ങളും തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ആദ്യത്തിൽ നാല് കുഞ്ഞുങ്ങളാണെന്ന് കരുതിയിരുന്നെങ്കിലും പ്രസവ സമയത്താണ് അഞ്ചാമത്തെ കുഞ്ഞിനെക്കുറിച്ച് അറിയുന്നതെന്നും ബെദ്രിയ പറഞ്ഞു. നായ്ഫ്, അമാർ, മുൻസിർ, നസീറ, അൻസാർ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്. താൻ ഒരു ചെറിയ കർഷകയാണെന്നും ഇത്രയും വലിയ കുടുംബത്തെ എങ്ങനെ നോക്കുമെന്ന ആശങ്കയുണ്ടെന്നും ബെദ്രിയ പറഞ്ഞു. എങ്കിലും ദൈവത്തിലും സമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണയിലും വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.






