മലപ്പുറം: ഹാർഡ്‌വെയർ സ്ഥാപനങ്ങളിലും ഒ.എൽ.എക്‌സ് വഴിയും വ്യാജ ചെക്കുകൾ നൽകി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാരം മടത്തറ സ്വദേശി പറയാട്ട് ഹൗസിൽ അഖിൽ (38) ആണ് പിടിയിലായത്.
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഒരു ഹാർഡ്‌വെയർ കടയിലെത്തി സൈറ്റ് എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ പ്രതി വാട്ടർപ്രൂഫ് പെയിന്റ് വാങ്ങിയ ശേഷം പണത്തിനുപകരം വ്യാജ ചെക്ക് നൽകി കടന്നുകളയുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ സാധനങ്ങൾ വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടയുടമ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒ.എൽ.എക്‌സ് വഴി മൊബൈൽ ഫോണുകളും വാഹനങ്ങളും വാങ്ങി പണം ഇല്ലാത്ത ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകൾ നൽകി തട്ടിപ്പ് നടത്തിയ കേസുകളും ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ വാഹനങ്ങളിൽ സഞ്ചരിച്ച് ഹാർഡ്‌വെയർ, ഫർണിച്ചർ കടകളിലെത്തി ‘വിസ്താര’ കമ്പനിയുടെ മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സാധനങ്ങൾ വാങ്ങിയിരുന്നത്. തുടർന്ന് കർണാടക ബാങ്കിൽ ‘വിസ്താര’ കമ്പനിയുടെ പേരിലുള്ള വ്യാജ ചെക്ക് നൽകി കടയുടമകളെ കബളിപ്പിച്ച് രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി.
കേരളത്തിലെ വിവിധ ജില്ലകളിൽ സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഗുരുവായൂരിൽ പ്രവർത്തിക്കാത്ത ‘വിസ്താര’ എന്ന സ്ഥാപനത്തിന്റെ പേരിൽ വ്യാജ വിസിറ്റിങ് കാർഡുകൾ അച്ചടിപ്പിച്ച് ഉപയോഗിക്കുകയും, തൃശൂർ സിറ്റി സെന്ററിൽ മുറിയെടുത്ത് കമ്പനിയുടെ എം.ഡിയാണെന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഗുരുവായൂരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഉദ്യോഗസ്ഥനെന്ന വ്യാജേന താമസിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ വാങ്ങി പണം നൽകാതെ കടകളെ വഞ്ചിച്ചതിനും വ്യാജ ചെക്ക് നൽകി കബളിപ്പിച്ചതിനുമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





